തിരഞ്ഞെടുപ്പ് പ്രചരണം; മൈസൂരുവില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ ഞായറാഴ്ച

മൈസൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച വൈകീട്ട് 5.30-ന് മൈസൂരുവിലെ ഗണ്‍ ഹൗസ് സര്‍ക്കിളില്‍ നിന്ന് ബന്നിമണ്ഡപിലെ എല്‍.ഐ.സി. സര്‍ക്കിളിലേക്ക് 4.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ഷോ നടത്തും. മൈസൂരുവില്‍ മോദിയുടെ ഇത്തവണത്തെ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണമാണിത്.

റോഡ്‌ഷോയ്ക്ക് ദസറ ജംബൂസവാരിയുടെ മാതൃകയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ജനത്തെ നിയന്ത്രിക്കാന്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ നിര്‍മിക്കും. റോഡ്‌ഷോ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. വൈകീട്ട് അഞ്ചിന് ബീദറിലെ പൊതുയോഗത്തിനു ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം മോദി മൈസൂരുവിലെ ഓവല്‍ മൈതാനത്തെത്തുകയും തുടര്‍ന്ന് ഗണ്‍ ഹൗസ് സര്‍ക്കിളിലെത്തി റോഡ്‌ഷോ ആരംഭിക്കുകയും ചെയ്യും. ബസവേശ്വര സര്‍ക്കിള്‍, കെ.ആര്‍. സര്‍ക്കിള്‍, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സര്‍ക്കിള്‍, ഓള്‍ഡ് ആര്‍.എം.സി. യാര്‍ഡ്, മൗലാന അബ്ദുള്‍കാലം ആസാദ് സര്‍ക്കിള്‍ എന്നിവിടങ്ങളിലൂടെയാണ് റോഡ്‌ഷോ പുരോഗമിക്കുക.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെ 10.30-ന് കുടകിലെത്തും. മടിക്കേരിയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.