‘ഞാന്‍ അവിടെ പോയി കണ്ടയാളാണ്’; ബാബറി മസ്ജിദിനെ കുറിച്ച് മാമുക്കോയ പറഞ്ഞത്‌

ഏതു വിഷയത്തിലും കൃത്യമായ നിലപാടും അഭിപ്രായവുമുള്ള വ്യക്തിയായിരുന്നു മലയാളികളുടെ സ്വന്തം നടന്‍ മാമുക്കോയ. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും, മനുഷ്യന്‍ എന്ന നാടകത്തെയും സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു.

‘ബാബറി മസ്ജിദ് എത്രയോ വര്‍ഷമായിട്ട് പ്രാര്‍ത്ഥനയും നിസ്‌കാരവുമില്ലാതെ അടിച്ചിട്ടിരുന്നതാണ്. ഞാന്‍ അവിടെ പോയി കണ്ടയാളാണ്. പള്ളി പോയതല്ല നമ്മള്‍ കാണേണ്ടത്. അവിടത്തെ ജനങ്ങള്‍ ഇന്നുവരെ 100 രൂപയുടെ നോട്ട് കണ്ടിട്ടില്ല. അന്‍പതും അറുപതും രൂപയ്ക്ക് കൂലിപ്പണി ചെയ്യുന്നവരാണ് അവരിലധികവും. ഒരു രാഷ്ട്രീയക്കാരും നേതാക്കളും ഇതു പറഞ്ഞിട്ടില്ലല്ലോ?- മാമുക്കോയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, മാമുക്കോയ പ്രധാന വേഷത്തില്‍ ‘മനുഷ്യന്‍’ എന്ന നാടകം ചെയ്യുന്ന സമയത്ത് ശരീയത്ത് നിയമത്തിന് എതിരാണെന്ന വിവാദമുയര്‍ന്നിരുന്നു. ‘മനുഷ്യന്‍ എന്ന നാടകം ശരീയത്തിന് എതിരല്ലായിരുന്നു. ശരീയത്ത് എന്താണെന്ന് വ്യക്തമായിട്ട് പഠിക്കാത്തവരാണ് അത് പറഞ്ഞത്. ബാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചുപോയാല്‍ ആ മകന്റെ മക്കള്‍ക്ക് സ്വത്തിന് അവകാശമില്ല. ഇതായിരുന്നു നാടകത്തിന്റെ തീം. ഞാന്‍ അത് ഒരിക്കലും അംഗീകരിക്കില്ല. ഇനിയത് ശരീയത്ത് ആണെങ്കിലും അംഗീകരിക്കില്ല. ഞാന്‍ മരിക്കുന്നതിന് മുമ്പ് എന്റെ മകന്റെ മക്കള്‍ക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ബന്ധവും മനുഷ്യത്ത്വവും നോക്കാതെ എന്ത് നിയമമാണുള്ളത്. അത് അംഗീകരിക്കില്ല എന്നാണ് നാടകത്തിലൂടെ പറഞ്ഞത്’- വിവാദങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.