കാട്ടാക്കട: ഹൈക്കോടതി അനുവദിച്ചാൽ അരിക്കൊമ്പനെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ വനം വകുപ്പ് ആരംഭിച്ചു. നെയ്യാറിലോ അഗസ്ത്യ വനമേഖലയിലോ അരിക്കൊമ്പനെ സ്വതന്ത്രനാക്കി വിടാൻ കഴിയില്ല.
പുനരധിവാസ കേന്ദ്രത്തിൽ അരിക്കൊമ്പനെ എത്തിക്കാനാണ് പദ്ധതിയിടുന്നത്. കോട്ടൂർ കാപ്പുകാടുള്ള ആന പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണ ജോലികൾ അന്തിമ ഘട്ടത്തിലാണ്. കിഫ്ബി അനുവദിച്ച 105 കോടി രൂപ വിനിയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.
150 ഏക്കറാണ് കേന്ദ്രത്തിന്റെ വിസ്തീർണ്ണം. ആനക്കൊട്ടിലുകൾ, കുട്ടിയാനകൾക്കുള്ള കൂടുകൾ, ആനകൾക്ക് ഭക്ഷണം നൽകാനും പാകം ചെയ്യാനുമുള്ള പ്രത്യേക ഇടങ്ങൾ, സഞ്ചാരികൾക്ക് ആനകളെ അടുത്ത് കാണാനുള്ള സംവിധാനങ്ങൾ തുടങ്ങിയ കേന്ദ്രത്തിലുണ്ടാകും. പ്രശ്‌നക്കാരായ ആനകൾ, ഉപേക്ഷിക്കപ്പെടുന്ന നാട്ടാനകൾ, പിടിച്ചെടുക്കുന്ന ആനകൾ എന്നിവയെ പരിപാലിക്കുന്നതിനാണ് ആന പുനരധിവാസ കേന്ദ്രം. പ്രത്യേക കൂടും ഇവിടെയുണ്ടാകും. ആനകളെ കുടുകളിൽ പാർപ്പിച്ച് മെരുക്കിയ ശേഷം വേലിക്കെട്ടിനുള്ളലേക്ക് തുറന്നുവിടാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

