ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണ നിയമത്തില്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിനു കൊണ്ടുവന്ന നിബന്ധനകള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. വാടക ഗര്‍ഭധാരണം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍ ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നും അസാധാരണ സാഹചര്യം കണക്കിലെടുത്ത് വാടകഗര്‍ധാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, വാടകഗര്‍ഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികള്‍ക്കു പുറത്തു നിന്നൊരാളുടെ അണ്ഡകോശം സ്വീകരിക്കുന്നതിനു വിലക്കുണ്ട്. പകരം, ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും അണ്ഡകോശം ഉപയോഗിച്ചാകണം വാടകഗര്‍ഭ ധാരണം പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, വിധവയോ വിവാഹബന്ധം വേര്‍പ്പെടുത്തുകയോ ചെയ്ത സ്ത്രീയാണെങ്കില്‍ ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ തങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും തടസ്സമാകുന്നുവെന്നും ഇതില്‍ മാറ്റം ആവശ്യമാണെന്നുമാണ് ദമ്പതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യമന്ത്രാലയം തിടുക്കപ്പെട്ടു കൊണ്ടുവന്നതാണ് ഭേദഗതി. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടില്ല. നിയമവിരുദ്ധവും വിവേചനപരവുമായ വ്യവസ്ഥ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. .കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കായി അഭിഭാഷക മോഹിനി പ്രിയ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

