സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും

തൃശൂര്‍: പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ആറിന് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 12 കോടി രൂപ ചെലവില്‍ മൂന്ന് ശ്രീകോവിലുകള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് പണി കഴിപ്പിച്ചിരുന്നു. 18 കിലോ സ്വര്‍ണത്തില്‍ പൊതിഞ്ഞ ശ്രീകോവിലിന്റെ സമര്‍പ്പണവും ഇന്ന് നടക്കും.

അതേസമയം, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ അല്ലഗഡയില്‍ ശില്‍പ്പി വി സുബ്രഹ്മണ്യം ആചാര്യയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശില്‍പം സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ 55 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. നാല്‍പ്പതോളം തൊഴിലാളികള്‍ ആറ് മാസത്തോളമെടുത്താണ് പ്രതിമയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഒറ്റക്കല്ലിലായിരുന്നു ശില്‍പത്തിന്റെ നിര്‍മ്മാണം നടന്നത്. ഹനുമാന്‍ പ്രതിമയില്‍ ലേസര്‍ ഷോയില്‍ ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങള്‍ ഹനുമാന്‍ ചാലിസ ഓഡിയോ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കും. നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്തേക്ക് എത്തിയിരിക്കുന്നത്.

സീതാരാമസ്വാമിക്ഷേത്രം, ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവയുടെ ശ്രീകോവിലുകള്‍ സ്വര്‍ണം പൂശിയതിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. 24 കാരറ്റില്‍ 18 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ശ്രീകോവിലുകള്‍ പൊതിഞ്ഞിരിക്കുന്നത്. മഹാകുംഭാഭിഷേകത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 20 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.