ന്യൂഡൽഹി: ലോക നിലവാരമുള്ള തീവണ്ടി സർവീസ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായുള്ള വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അടിപൊളി യാത്രാനുഭവമാണ് വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുകയെന്നും കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേഭാരത് പുതിയ ആകർഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ജനം പറയാൻ പോകുന്നത് അടിപൊളി വന്ദേഭാരത് എന്നാണ്. റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കും. 2033 കോടിയുടെ റെയിൽവെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. കേരളത്തിൽ വേഗത കുറയ്ക്കുന്നത് പാളത്തിലെ വളവുകളാണ്്. ലോകോത്തര സിഗ്നലിംഗ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ ഭാരത് സർവീസ് നടക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വർധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

