ഈ നൂറ്റാണ്ട് ഇന്ത്യയുടേത്; ലോക യുവ ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി

കൊച്ചി: ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോക യുവ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവം 2023 വേദിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ മാറ്റിമറിക്കാൻ ഇന്ത്യയ്ക്ക് കഴിവുണ്ട്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നുണ്ട്. ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം വേദിയിൽ പ്രസംഗം ആരംഭിച്ചത്. ‘പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്‌കാരം’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗത്തിന് തുടക്കമിട്ടത്. ശ്രീ നാരായണ ഗുരു, കെ കേളപ്പൻ, സ്വാതന്ത്ര സമര സേനാനികൾ, അപ്പുക്കുട്ടൻ പൊതുവാൾ, നമ്പി നാരായണൻ, കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കൾ തുടങ്ങിയവരെ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. കേരളത്തിലെത്തുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കുന്നു. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണ്. യുവാക്കൾക്ക് ബിജെപി സർക്കാർ പുതിയ അവസരം നൽകുന്നു. കേരളത്തിൽ ഹൈവേയും റെയിൽവേയും ജലപാതയും വരുന്നു. അതുവഴി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.