കൊച്ചി: കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ വളർച്ചാനിരക്ക് ഏറ്റവും മോശമുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം-23 പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ കുതിക്കുന്ന രാജ്യമാണെന്നാണ് ഐ.എം.എഫിന്റെ കണക്ക് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പക്ഷേ കേരളം മാറേണ്ടിയിരിക്കുന്നുവെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ, കെ. സുരേന്ദ്രൻ, സിനിമാ മേഖലയിൽനിന്നുള്ള സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, നവ്യാ നായർ, അപർണ ബാലമുരളി, വിജയ് യേശുദാസ് ഉൾപ്പെടെ നിരവധി പ്രമുഖർ യുവം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

