കോവിഡ് വൈറസിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാൻ സാധ്യതയില്ല; വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞൻ

ബെയ്ജിംഗ്: കോവിഡ് വൈറസിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാൻ സാധ്യതയില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ. ചൈനയുടെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുൻ ഡയറക്ടറായ ഡോ. ജോർജ് ഫു ഗാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിൽ നടന്ന റോഡ്‌സ് പോളിസി സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചർച്ചകൾ. അത് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വുഹാൻ മാംസ മാർക്കറ്റിലെ റക്കൂൺ ഡോഗുകൾ അഥവാ മരപ്പട്ടികളുടെ മാംസത്തിൽ നിന്നാവാം വൈറസ് പടർന്നതെന്ന പഠനത്തെ ജോർജ് ഫുഗാവോ തള്ളി. വുഹാനിലെ മാർക്കറ്റിൽ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാർസ് കോവ് 2 വൈറസ് ജന്തുക്കളിൾ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

2019 ഡിസംബറിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പുവരെ അസ്വാഭാവികമായി ഒന്നും നിരീക്ഷിച്ചിട്ടില്ലെന്നും ശ്‌സ്ത്രജ്ഞൻ കൂട്ടിച്ചേർത്തു.