രാജ്യത്തെ ആദ്യ മൂന്നാംതലമുറ ഡിജിറ്റൽ സയൻസ് പാർക്കിന് ചൊവ്വാഴ്ച തറക്കല്ലിടും; ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയും

തിരുവനന്തപുരം: രാജ്യത്തെ ആദ്യ മൂന്നാംതലമുറ ഡിജിറ്റൽ സയൻസ് പാർക്കിന് ചൊവ്വാഴ്ച തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിക്കുക. ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന 14 ഏക്കറിൽ മൂന്നു വർഷത്തിനുള്ളിൽ സയൻസ് പാർക്ക് പൂർത്തിയാകും.

പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്ക് ടെക്നോപാർക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച്ച രാവിലെ 11 മണിയ്ക്കാണ് ചടങ്ങുകൾ നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ കമ്മ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ, ഡോ ശശി തരൂർ എംപി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

സയൻസ് പാർക്ക് സർവകലാശാലകൾ, വ്യവസായം, സർക്കാർ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. വ്യവസായ-ബിസിനസ് യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട്ട് ഹാർഡ് വെയർ, സുസ്ഥിര-സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും സൗകര്യമൊരുക്കും.