സുഡാനിൽ രക്ഷാദൗത്യത്തിന് തുടക്കം കുറിക്കാൻ ഇന്ത്യ; വ്യോമസേനയും നാവികസേനയും സജ്ജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സുഡാനിൽ രക്ഷാദൗത്യത്തിന് തുടക്കം കുറിക്കാൻ ഇന്ത്യ. സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിലുണ്ടെന്നും മന്ത്രാലയം വിശദമാക്കി.

തൽക്കാലം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സുഡാനിലെ സങ്കീർണമായ സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം ആരംഭിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. സുഡാൻ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യമന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും അധികൃതതർ ചൂണ്ടിക്കാട്ടി.

അതേസമയം, സൗദി അറേബ്യ സുഡാനിൽ നടത്തിയ രക്ഷാദൗത്യത്തിൽ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.