ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; രാജ്യത്തിന്റെ പുരോഗതിക്കായി വേണ്ടതെല്ലാം ചെയ്തുവരികയാണെന്ന് നിയമമന്ത്രി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പരിശ്രമിക്കണമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 44 ൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തിന്റെ പുരോഗതിക്കായി വേണ്ടതെല്ലാം ചെയ്തുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങളുടെയും സർക്കാരിന്റെയും ഉദ്ദേശ്യം എല്ലാവർക്കും അറിയാം. എന്താണോ ചെയ്യേണ്ടത്, അത് കൃത്യ സമയത്ത് നടന്നിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വവർഗ വിവാഹത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആളുകൾ സ്വവർഗ്ഗ ബന്ധത്തിൽ ഏർപ്പെടുന്നതിനോട് സർക്കാരിന് എതിർപ്പില്ല. എന്നാൽ, വിവാഹത്തിന്റെ കാര്യത്തിൽ ഏതാനും ആളുകൾക്ക് മാത്രമായി അതു തീരുമാനിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനപ്രകാരം ഒരുവ്യക്തിയിൽ നിക്ഷിപ്തമായ അവകാശങ്ങളുണ്ട്. രണ്ടു വ്യക്തികൾ ഒന്നിച്ച് ജിവിക്കുന്നതിനോ, ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്നതിനോ, വിരോധമില്ല, കാരണം സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ല. വ്യക്തിപരമായി നിങ്ങളുടെ ഇച്ഛാനുസരണം നിങ്ങൾക്ക് ജീവിക്കാം. എന്നാൽ, വിവാഹത്തിന്റെ കാര്യം വരുമ്പോൾ അതൊരു പ്രസ്ഥാനമാണ്. ഇന്ത്യ ഒരു പുരാതന രാജ്യമാണ്. ഇവിടെ ഒരു വിശ്വാസ സമ്പ്രദായമുണ്ട്. വിവിധ മതങ്ങളുടെ സംയോജനമുണ്ട്. അതുകൊണ്ട് ഏതാനും ചിലർക്ക് മാത്രമായി തീരുമാനിക്കാവുന്ന കാര്യമല്ല, സ്വവർഗ്ഗ വിവാഹമെന്ന് നിയമമന്ത്രി കൂട്ടിച്ചേർത്തു.