കേരളത്തിന്റെ വികസന ഉത്സവത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷം: പ്രധാനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാരിന് എന്ന് കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 3200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഇന്ന് തറക്കല്ലിട്ടത്. കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പതിന് പുറമേ, വിവിധ റെയില്‍ പദ്ധതികള്‍ക്കും തിരുവനന്തപുരത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും തറക്കല്ലിട്ടു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്

‘കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും പരിശ്രമശാലികളുമാണ്. കേരളത്തിന്റെ വികസന ഉത്സവത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങള്‍ അറിവുള്ളവരും വിദ്യാസമ്പന്നരുമാണ്. സ്വന്തം സാമര്‍ത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചിയിലെ ആദ്യ വാട്ടര്‍ മെട്രോ, നിരവധി റെയില്‍വേ വികസനങ്ങള്‍ എന്നിവയുള്‍പ്പെടെ കേരളത്തിന്റെ വികസനവും സമ്പര്‍ക്ക സൗകര്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്ക് ഇന്ന് തുടക്കംകുറിച്ചു. കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും മര്യാദയും അവര്‍ക്ക് സവിശേഷമായ വ്യക്തിത്വം നല്‍കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് ആഗോള സാഹചര്യം മനസ്സിലാക്കാന്‍ കഴിവുണ്ട്. പ്രതിസന്ധിയുടെ സമയങ്ങളില്‍ ഇന്ത്യയെ വികസനത്തിന്റെ ഊര്‍ജസ്വലമായ സ്ഥലമായി കണക്കാക്കുന്നതിനെയും ഇന്ത്യയുടെ വികസനത്തിന്റെ വാഗ്ദാനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതിനെയും കേരളജനതയ്ക്ക് അഭിനന്ദിക്കാന്‍ കഴിയും. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി അഭൂതപൂര്‍വമായ നിക്ഷേപം നടത്തുന്നു. യുവാക്കളുടെ നൈപുണ്യവികസനത്തിനായി നിക്ഷേപങ്ങള്‍ നടത്തുന്നു. ജീവിതം സുഗമമാക്കുന്നതിനും വ്യവസായ നടത്തിപ്പു സുഗമമാക്കുന്നതിനും കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. സഹകരണ ഫെഡറലിസത്തിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനമായി കണക്കാക്കുന്നത്. ”സേവനാധിഷ്ഠിത സമീപനത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളം പുരോഗമിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന് അതിവേഗം പുരോഗതി കൈവരിക്കാനാവൂ. വിദേശത്ത് താമസിക്കുന്ന മലയാളികള്‍ക്കു പ്രയോജനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ യശസ് വര്‍ധിക്കുന്നതിന്റെ ഒരു കാരണം. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ശക്തി ഇന്ത്യന്‍ പ്രവാസ സമൂഹത്തെ വളരെയധികം സഹായിക്കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ സമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ വേഗത്തിലും തോതിലും നടന്നുവരുന്നുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ സുവര്‍ണകാലഘട്ടത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. ശരാശരി റെയില്‍വേ ബജറ്റ് ഇപ്പോള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചു. ബഹുതല ഗതാഗത കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് വികസനത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇതുവരെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും സാംസ്‌കാരിക, ആത്മീയ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ ട്രെയിന്‍ സഹായകമാകും. തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാത അര്‍ധ അതിവേഗ ട്രെയിനുകള്‍ക്കായി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചു. പൂര്‍ത്തിയാകുമ്പോള്‍, തിരുവനന്തപുരം മുതല്‍ മംഗളൂരുവരെ അര്‍ധ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പ്രതിവിധികള്‍ ലഭ്യമാക്കാനാണ് ശ്രമം. കൊച്ചി വാട്ടര്‍ മെട്രോ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതിയാണ്. കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കും. ബസ് ടെര്‍മിനലും മെട്രോ ശൃംഖലയും തമ്മില്‍ ഇന്റര്‍മോഡല്‍ സമ്പര്‍ക്കസൗകര്യമൊരുക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരത്തിനും ഇത് ഗുണം ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും. ഭൗതിക സമ്പര്‍ക്കസൗകര്യങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സമ്പര്‍ക്കസൗകര്യങ്ങളും രാജ്യത്തിന്റെ മുന്‍ഗണനയാണ്. തിരുവനന്തപുരത്തെ ഡിജിറ്റല്‍ ശാസ്ത്ര പാര്‍ക്ക് പോലെയുള്ള പദ്ധതികള്‍ ഡിജിറ്റല്‍ ഇന്ത്യക്ക് ഉത്തേജനം നല്‍കും. ഇന്ത്യയുടെ ഡിജിറ്റല്‍ സംവിധാനത്തിന് ആഗോളതലത്തില്‍ മതിപ്പുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. സമ്പര്‍ക്കസൗകര്യങ്ങള്‍ക്കായി നടത്തുന്ന നിക്ഷേപങ്ങള്‍ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുക മാത്രമല്ല, ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുന്നു. ഇന്ത്യയിലുടനീളം കാണാനാകുന്ന വികസനത്തിന്റെ ശരിയായ മാതൃകയാണിത്. ഇത് ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തെ ശക്തിപ്പെടുത്തും. രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്. പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്തണം. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തുമ്പോള്‍, വികസിത ഭാരതത്തിന്റെ പാത കൂടുതല്‍ ശക്തമാകും. ‘മന്‍ കി ബാത്ത്’ ഈ ഞായറാഴ്ച നൂറാം എപ്പിസോഡ് തികയ്ക്കുകയാണ്. രാഷ്ട്രവികസനത്തിനും ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനും സംഭാവനകളേകിയ എല്ലാ പൗരന്മാര്‍ക്കുമായി ഇതു സമര്‍പ്പിക്കുന്നു. വികസിതഭാരതം കെട്ടിപ്പടുക്കാന്‍ ഏവരും സ്വയം സമര്‍പ്പിക്കണം.’

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍, കേരള മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.