ന്യൂഡൽഹി: സുഡാൻ സംഘർഷത്തിൽ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന 3,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുഡാനിലെ നിലവിലെ സാഹചര്യം അദ്ദേഹം വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്.
സുഡാനിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കണമെന്നും ഇന്ത്യക്കാരുടെ സുരക്ഷ അനുദിനം വിലയിരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ സുരക്ഷിതരായി എത്രയും വേഗം ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും മേഖലയിലെ വിവിധ രാജ്യങ്ങളുമായി ആശയ സമ്പർക്കം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ളവരെ തിരികെയെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

