ശ്രീനഗർ: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യാൻ സിബിഐ. റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലാണ് സിബിഐയുടെ നടപടി. ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ മാസം 28നാണ് ചോദ്യം ചെയ്യൽ.
കശ്മീർ ഗവർണറായിരിക്കെ 2 പദ്ധതികൾ പാസാക്കാൻ വന്നുവെന്നും അതിലൊന്ന് അംബാനിയുടേതും മറ്റേതു പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ആർഎസ്എസ് നേതാവ് റാംമാധവിന്റേതുമാണെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്. പദ്ധതികളിൽ കുഴപ്പങ്ങളും അഴിമതി സാധ്യതകളും കണ്ടതോടെ രണ്ടും റദ്ദാക്കാൻ നിർദേശിക്കുകയായിരുന്നു. അവ ഒപ്പിട്ടാൽ 300 കോടി രൂപ കൈക്കൂലി കിട്ടുമെന്നു ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായും ഗവർണർ വെളിപ്പെടുത്തി.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ച്ചകളെ കുറിച്ചും സത്യപാൽ മാലിക് തുറന്നു പറഞ്ഞിരുന്നു. സൈനികരെ കൊണ്ടുപോകാൻ വിമാനം നൽകാത്തതും സ്‌ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് മിണ്ടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

