പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തില്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് മാധ്യമങ്ങളോട് പറഞ്ഞു.
എം.പിയുടെ വാക്കുകള്‍
‘സ്റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത് റെയില്‍വേ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നുണ്ട് എന്ന അറിയിപ്പാണ് ലഭിച്ചത്. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോര്‍ട്ടാണ് റെയില്‍വേക്ക് ലഭിച്ചിരിക്കുന്നത്. അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനാണ് ഷൊര്‍ണൂര്‍. പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുന്ന ഏക സ്റ്റേഷനും ഷൊര്‍ണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാന്‍ സാങ്കേതികമായ തടസ്സങ്ങളില്ല. മൂന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊര്‍ണൂര്‍ ജംഗ്ഷന്. ഉദ്ഘാടനത്തിന് മുമ്പ് സ്റ്റോപ്പുകളെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍, 25-ന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്ന ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ പാലക്കാട് എം.പി. അവിടെ ചുവപ്പുകൊടി കാണിക്കും. ശക്തമായ പ്രതിഷേധം നടത്തും. ട്രെയിന്‍ അനുവദിച്ചപ്പോള്‍ ബി.ജെ.പി. കാട്ടിക്കൂട്ടിയത് ലജ്ജാകരമായ രാഷ്ട്രീയമാണ്. വന്ദേഭാരതിന് ജില്ലയിലെ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലെന്ന് അറിഞ്ഞിട്ടും, ട്രെയിന്‍ സംസ്ഥാനത്തേക്ക് വരുമ്പോള്‍ പാലക്കാട് വെച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കേരളത്തില്‍ ആദ്യമായി ട്രെയിന്‍ വരുന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. രാജ്യമുണ്ടായതിന് ശേഷം സംസ്ഥാനത്തിന് 600-ഓളം ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. 590-ലധികം ട്രെയിനുകള്‍ അനുവദിക്കപ്പെട്ടത് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്താണ്. അന്ന് ഏതെങ്കിലും ട്രെയിനിന് കോണ്‍ഗ്രസ് പതാക പുതപ്പിച്ച ചരിത്രമില്ല. ജില്ലയിലൂടെ ട്രെയിന്‍ പോകുമ്പോള്‍ സ്വീകരണം കൊടുത്തു. പക്ഷേ, സര്‍വീസ് നടത്തുമ്പോള്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടാന്‍ പോലും തയ്യാറായിട്ടില്ല.’

