ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസ്: എട്ട് പ്രതികള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീ വെയ്പ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അതേസമയം, കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്ക് ജാമ്യം നല്‍കിയിട്ടില്ല. ഇവര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്.

കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന, കേസുമായി ബന്ധപ്പെട്ട് മറ്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ട എട്ട് പേര്‍ക്കാണ് കോടതി ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്. ശിക്ഷ അനുഭവിച്ച കാലയളവ് കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതി ഇപ്പോള്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.