തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടര്‍ വാഹന വകുപ്പിന്റെ 726 എഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങള്‍ക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവില്‍ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതല്‍ പിഴ ഈടാക്കും. കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കും. ബോധവല്‍ക്കരണത്തിന് ആവശ്യമായ സമയം നല്‍കണമെന്ന അഭ്യര്‍ഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കിയത്. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഒരു വര്‍ഷം 40,000 അപകടമാണ് കേരളത്തില്‍ നടക്കുന്നത്. നാലായിരത്തിലധികം പേര് അപകടങ്ങളില്‍ മരിക്കുന്നു. ഇതില്‍ 58 ശതമാനവും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. 25 ശതമാനം കാല്‍നട യാത്രക്കാരാണ്. മരണത്തിന്റെ പകുതിയും സംഭവിക്കുന്നത് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തതിനാലാണ്. സര്‍ക്കാര്‍ ഗതാഗത മേഖലയില്‍ പുതിയ ഒരു ചട്ടവും കൊണ്ടു വന്നിട്ടില്ല. നിലവിലെ നിയമം ശാസ്ത്രീയമായി നടപ്പിലാക്കുകയാണ്. നിയമം പാലിക്കുന്നവര്‍ എഐ ക്യാമറയെ പേടിക്കേണ്ട. എഐ ക്യാമറ വരുന്നതോടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ള തുക പിഴ ഈടാക്കുന്നതും ഒഴിവാകും’- മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, 236 കോടി ചെലവാക്കി 726 ക്യാമറകളാണ് കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. കെല്‍ട്രോണിനായിരുന്നു പൂര്‍ണ ചുമതല.

