ബിജെപിയുടെ യുവം പരിപാടിയ്ക്ക് ബദലായി പരിപാടി സംഘടിപ്പിക്കാൻ കോൺഗ്രസ്; രാഹുൽ ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: ബിജെപിയുടെ യുവം പരിപാടിയ്ക്ക് ബദലായി പരിപാടി സംഘടിപ്പിക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. യുവാക്കളുടെ പ്രശ്‌നങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. മെയ് മാസമായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

അതേസമയം, മെയ് 9, 10 തീയതികളിൽ ചരൽക്കുന്നിൽ ചിന്തൻ ശിബിരം 2 സംഘടിപ്പിക്കും. ചിന്തൻ ശിബിരം നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുമായും ഒന്നിച്ചു പോകാനുള്ള ചർച്ചകളുണ്ടാകുമെന്നും സുധാകരൻ വിശദീകരിച്ചു. സിപിഎമ്മിനും ബിജെപിക്കുമെതിരെ സുധാകരൻ വിമർശനം ഉന്യിക്കുകയും ചെയ്തു. ബിജെപിയാണ് കേരളത്തിലെ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത്. ലാവ്‌ലിൻ കേസ് സുപ്രീം കോടതി എത്ര തവണ മാറ്റിവെച്ചുവെന്ന് അദ്ദേഹം ചോദിക്കുന്നു.

ജയരാജന്റെ വൈദേഹം റിസോർട്ട് എടുത്തത് ബിജെപിയുടെ കേന്ദ്ര മന്ത്രിയാണ്. സിപിഎം നേതാവും ബിജെപി നേതാവും തമ്മിൽ കച്ചവടം നടത്തുന്നു. ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. അവരുടെ ഐക്യവും വ്യക്തമാണ്. ഇതെല്ലാം ജനമധ്യത്തിൽ തുറന്ന് കാണിക്കും. ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപിയും, ആർഎസ്എസും നടത്തിയ സംഘർഷങ്ങൾ ജനങ്ങളിൽ എത്തിക്കും. മുഴുവൻ നഗരങ്ങളിലും ചിത്രം സഹിതം ബിജെപിയും സംഘപരിവാറും നടത്തിയ കൂട്ടക്കൊലയും ആക്രമണങ്ങളും പ്രദർശിപ്പിക്കും. ഇതിനായി സ്‌പെഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.