വന്ദേഭാരത് കേരളത്തില്‍; സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്ദേഭാരതിന് വന്‍ സ്വീകരണമൊരുക്കി. ലോക്കോ പൈലറ്റിനെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുകയും റെയില്‍വേ സ്റ്റേഷനില്‍ മധുരം വിതരണം ചെയ്യുകയും ചെയ്തു. വന്ദേഭാരത് റേക്കുകള്‍ ഇന്നു വൈകിട്ടോടെ കൊച്ചുവേളിയിലെത്തും.

അതേസമയം, മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ് വന്ദേഭാരതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. 16 കോച്ചുള്ള ട്രെയിന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്ദേഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്. ഏഴ് – ഏഴര മണിക്കൂര്‍ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറി. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. മുന്നിലും പിറകിലും ഡ്രൈവര്‍ ക്യാബുള്ളതിനാല്‍ ദിശ മാറ്റാന്‍ സമയനഷ്ടമില്ല. വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസിനു മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും. 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും, ഇപ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് വിലയിരുത്തല്‍.