ചൂട് കനക്കുന്നു; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. കേരളത്തിൽ ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് വൈദ്യുതി ഉപഭോഗം ഇത്രത്തോളം രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച്ച വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും കടന്നിരുന്നു. 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുൻപ് സംസ്ഥാനം കരസ്ഥമാക്കിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് ഈ റെക്കോർഡ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉത്പ്പാദനവും വർധിച്ചു.