തിരുവനന്തപുരം: കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുന്ന മേഖലകളില്‍ വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി നടപ്പാക്കുന്ന ജലനിധി പദ്ധതിയിലൂടെ സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടായതായി വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന് ഡെല്‍റ്റ എന്ന മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് വെളിച്ചത്തായത്. ക്രമക്കേടില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
അതേസമയം, 46 ഗ്രാമപഞ്ചായത്തുകളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പലയിടത്തും പദ്ധതി നിര്ജീവമാണെന്നും സര്‍ക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും കണ്ടെത്തി. ഗുണനിലവാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. ആഴത്തിലാണ് പൈപ്പുകളെന്ന് രേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഉപരിതലത്തില്‍ തന്നെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുകിണറുകള്‍ ആഴം കൂട്ടാതെ ആഴം കൂട്ടിയെന്നും രേഖകളില്‍ പറയുന്നു. ഭാഗികമായി മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചതായി എന്‍ജിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെങ്കിലും ഗുണഭോക്താക്കള്‍ക്ക് ബില്ല് അടയ്ക്കേണ്ടി വരുന്നു. കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച നല്ലൊരു പങ്കിലും ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല എന്നാണ് ആക്ഷേപം എന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പണികള്‍ക്ക് കരാറുകാരെ തെരെഞ്ഞെടുക്കുന്നതില്‍ സുതാര്യതയില്ലെന്നും പല കരാറുകാരും അംഗങ്ങളുടെ ബിനാമികളാണെന്നും പരിശോധനയില്‍ കണ്ടെത്തി. പ്രവൃത്തികള്‍ക്ക് ആവശ്യമായ തുകയില്‍ ഗുണഭോക്തൃവിഹിതമായി 10 ശതമാനം മാത്രം വാങ്ങുന്നതിന് പകരം ജി.പി.എല്‍.സിയുടെ ഒത്താശയോടെ ഗുണഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക പിരിച്ചെടുക്കുന്നു എന്നും പരാതിയുണ്ട്. ഈ തുക സര്‍ക്കാരിലേക്ക് നല്‍കാതെ ഇവര്‍ വീതിച്ചെടുക്കുകയാണെന്നാണ് ആരോപണം.

