മഅദനി സ്ഥിരം കുറ്റവാളി, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

ബംഗളൂരു സ്‌ഫോടന കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്.

അതേസമയം, കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍സ അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ. മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീംകോടതിയും നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.