ഇന്ത്യയിലെ സോഷ്യൽ മീഡിയ നിയമങ്ങൾ വളരെ കർശനം; രാജ്യത്തിന്റെ നിയമങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ലെന്ന് എലോൺ മസ്‌ക്

വാഷിംഗ്ടൺ: ഇന്ത്യയിലെ സോഷ്യൽ മീഡിയ നിയമങ്ങൾ വളരെ കർശനമാണെന്ന് ട്വിറ്റർ ഉടമ എലോൺ മസ്‌ക്. തങ്ങൾക്ക് രാജ്യത്തിന്റെ നിയമങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ലെന്നും മസ്‌ക് അറിയിച്ചു. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. തനിക്ക് ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ച് അറിയില്ല. സൈറ്റ് ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്‌തോ എന്ന ചോദ്യത്തിന് ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശം അനുസരിക്കാതെ കഴിയില്ലെന്നാണ് മസ്‌ക് നൽകിയ മറുപടി. ജീവനക്കാർ ജയിലിൽ പോകണോ, നിയമങ്ങൾ അനുസരിക്കണോ എന്നതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാൽ, നിയമം പാലിക്കാനാണ് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.