ഐപിഎല്‍: ഇന്ന് അവസാന സ്ഥാനക്കാരുടെ കളി

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ക്യാപിറ്റല്‍സിന്റെ തട്ടകമായ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. ഡല്‍ഹി മൂന്ന് കളി തോറ്റപ്പോള്‍ മുംബൈ കളിച്ച രണ്ടെണ്ണത്തില്‍ മുട്ടുമടക്കി. പട്ടികയില്‍ മുംബൈ 9ആമതും ഡല്‍ഹി 10ആമതുമാണ്.

ബാലന്‍സ്ഡ് അല്ലാത്ത ഒരു ഇലവനാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ച ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്നത് മുംബൈക്ക് കനത്ത തിരിച്ചടിണ്. ജോഫ്ര ആര്‍ച്ചര്‍ പഴയ മൂര്‍ച്ചയിലെത്താത്തതും റിച്ചാര്‍ഡ്‌സണും ബുംറയും പരുക്കേറ്റ് മടങ്ങിയതും മുംബൈ ബൗളിംഗ് നിരയുടെ നടുവൊടിച്ചു. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നീ പ്രധാന താരങ്ങള്‍ ഫോമിലല്ലാത്തതും മുംബൈയെ വലയ്ക്കുന്നുണ്ട്. കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുന്ന പീയുഷ് ചൗളയാണ് മുംബൈയുടെ പ്രധാന സ്പിന്നര്‍. കുമാര്‍ കാര്‍ത്തികേയ, ഋതിക് ഷൊകീന്‍ എന്നീ ശരാശരി സ്പിന്നര്‍മാര്‍ കൂടി ചേരുന്ന ടീമില്‍ ഷംസ് മുലാനി വേറിട്ടുനില്‍ക്കുന്നു. യുവ സ്പിന്നര്‍മാരില്‍ ഒരാള്‍ക്ക് പകരം മുലാനി കളിച്ചേക്കും. വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍, നേഹല്‍ വധേര തുടങ്ങിയവരില്‍ ചിലര്‍ക്കും അവസരം ലഭിച്ചേക്കും.

ഋഷഭ് പന്ത് പുറത്തായത് ഡല്‍ഹി ടീം ബാലന്‍സിനെ സാരമായി ബാധിച്ചിട്ടുണ്ട്. പന്തിനു പകരം രണ്ട് താരങ്ങളെ ഡല്‍ഹിയ്ക്ക് കളിപ്പിക്കേണ്ടിവരുന്നു. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതും ഡേവിഡ് വാര്‍ണറിന്റെ മെല്ലെപ്പോക്കും ഡല്‍ഹിയുടെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ടീമില്‍ ആരും എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ കളിയില്‍ പരുക്കേറ്റ ഖലീല്‍ അഹ്മദിനു പകരം ഇഷാന്ത് ശര്‍മ കളിച്ചേക്കും. ആന്റിച് നോര്‍ക്കിയക്ക് പകരം ലുങ്കി എങ്കിഡി, മുകേഷ് കുമാറിനു പകരം ചേതന്‍ സക്കരിയ എന്നിവര്‍ക്കും സാധ്യതയുണ്ട്.