‘മെയ്ക്ക് ഇന്‍ കേരള’: പാന്‍മസാല അടക്കം എട്ടിനം പുകയില ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്‌

മലപ്പുറം: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്ത ‘മെയ്ക്ക് ഇന്‍ കേരള’ പദ്ധതിയില്‍, കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയില്‍ പാന്മസാല അടക്കം എട്ടിനം പുകയില ഉത്പന്നങ്ങളും ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്.) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്. ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സര്‍ദ, കത്തയും ച്യൂവിങ് ലൈമും, പാന്മസാലയും അനുബന്ധ ഉത്പന്നങ്ങളും എന്നിവയാണ് പുകയില ഉത്പന്ന സാധ്യതാ പട്ടികയിലുള്ളത്.

സാധാരണയായി പാന്മസാല വില്‍ക്കുന്നവര്‍ക്കെതിരേ നിയമപ്രകാരം എക്‌സൈസ്-ആരോഗ്യ വകുപ്പുകള്‍ കേസെടുക്കാറുണ്ട്. സര്‍ക്കാരിന്റെ ഈ ലഹരിവിരുദ്ധ പോരാട്ടത്തിനിടെയാണ് ഇത്തരം പുതിയ ശുപാര്‍ശകള്‍. കേരളത്തിലേക്ക് ഒരു വര്‍ഷം 1689.81 കോടിയുടെ പുകയില ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് ഇത് ഇവിടെ തന്നെ ഉല്‍പാദിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. കേരളത്തിലേക്കുള്ള മുഴുവന്‍ ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്പന്നങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021-22-ല്‍ കേരളത്തിലേക്ക് 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നും ഇതില്‍ 92 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്നായിരുന്നുവെന്നും ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍നിന്ന് കയറ്റിയയക്കുന്നത് 74,000 കോടി രൂപയുടെ ഉത്പന്നങ്ങളും. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തുകയാണ് സി.ഡി.എസ്. പഠനത്തിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ടിലുള്ള മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍

(കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ മൂല്യം, മൊത്തം ഇറക്കുമതിയുടെ ശതമാനം എന്നിവ ബ്രാക്കറ്റില്‍). *മോട്ടോര്‍വാഹനങ്ങള്‍ (11692.32 കോടി-100 ശതമാനം) * മരുന്നും മറ്റ് മെഡിക്കല്‍ രാസവസ്തുക്കളും (6071.33 കോടി-64.47 ശതമാനം)* നെയ്ത്തുവസ്ത്രങ്ങള്‍(4720.61 കോടി-91.29 ശതമാനം)കെട്ടിട നിര്‍മ്മാണസാമഗ്രികള്‍(2211.03 കോടി-84.92 ശതമാനം) പൊതു ആവശ്യങ്ങള്‍ക്കുള്ള മെഷിനറികള്‍, ഫാനുകള്‍ (2088.40 കോടി-95.32 ശതമാനം)* ഫൈബര്‍ ഒപ്റ്റിക് കേബിള്‍(1924.21 കോടി-87.45 ശതമാനം) കംപ്യൂട്ടറുകള്‍, മെഡിക്കല്‍, ദന്തല്‍ ഉപകരണങ്ങള്‍ (1537.55 കോടി-98.79%)