ഉപവാസ സമരം ആരംഭിച്ച് സച്ചിന്‍ പൈലറ്റ്; രാജസ്ഥാന്‍ സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് ട്വീറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഉപവാസ സമരം ആരംഭിച്ച് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതി കേസുകളില്‍ നടപടി ആവശ്യപ്പെട്ടാണ് സച്ചിന്‍ ഒരു ദിവസത്തെ ഉപവാസ സമരം നടത്തുന്നത്. എന്നാല്‍, ഉപവാസ സമരം പാര്‍ട്ടി വിരുദ്ധമെന്ന് ഇന്നലെ എഐസിസി നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയാണ് പ്രസ്താവന പുറത്തിറക്കിയത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അതിനകത്ത് തന്നെ ചര്‍ച്ച ചെയ്യണമെന്നും ഉപവാസം നടത്തുന്നത് പാര്‍ട്ടിവിരുദ്ധമെന്നും എഐസിസി നേതൃത്വം സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് മറികടന്നാണ് സച്ചിന്‍ പൈലറ്റിന്റെ സമരം

അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് സച്ചിന്‍ പൈലറ്റെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. ഈ ഉപവാസ സമരം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നാണ് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവായ ബിജെപിയുടെ രാജേന്ദ്ര റാത്തോര്‍ പറഞ്ഞത്. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ അയോഗ്യത വിഷയം, പ്രതിപക്ഷ ഐക്യം, കര്‍ണാടക തെരഞ്ഞെടുപ്പ് എന്നിവക്കിടെയാണ് സച്ചിന്‍ പൈലറ്റിന്റെ സമരം. വസുദ്ധര രാജെ സര്‍ക്കാരിനെതിരെയുളള അഴിമതി കേസുകളില്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അദ്ദേഹം ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ തന്റെ എതിരാളിയുമായ അശോക് ഗെലോട്ടിനെയാണ്. അതിനിടെ
രാജസ്ഥാന്‍ സര്‍ക്കാര്‍ നീതിയുടെ പാതയില്‍ മുന്നേറുകയാണെന്നാണ് ഇതേ സമയത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വന്ന ട്വീറ്റ്. സച്ചിന്‍ പൈലറ്റിന്റെ സമരം നടക്കാനിരിക്കെയാണ് ഗെലോട്ട് സര്‍ക്കാരിനെ പുകഴ്ത്തി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.