ന്യൂഡൽഹി: സർക്കാരിനെതിരായ വ്യാജ വാർത്തകൾ തിരിച്ചറിഞ്ഞ് നീക്കാനായി പുതിയ സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി പുതിയ സംവിധാനം പ്രാവർത്തികമാക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാരിനെ സംബന്ധിച്ച് നവ മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി സംവിധാനം വഴി പരിശോധിച്ച് ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന വാർത്തകൾ നീക്കം ചെയ്യാനും സർക്കാരിന് കഴിയും. വ്യാജ പ്രചാരണം ഒഴിവാക്കാനുള്ള നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുള്ളത്. ഉള്ളടക്കത്തിൽ തെറ്റുണ്ടെങ്കിൽ പിൻവലിക്കാനുള്ള സമൂഹ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഐടി ചട്ടഭേദഗതികൾ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം അറിയിച്ചു.. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള ‘വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങൾ പരിശോധിക്കാനും ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളോട് അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കാനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (PIB) അധികാരം നൽകുന്ന ഐടി ചട്ടങ്ങൾ 2021ലെ ഭേദഗതികളെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം വ്യക്തമാക്കി.

