തിരുവനനന്തപുരം: പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം. കാലടി സമാന്തര പാലം നിർമ്മാണം ആരംഭിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. 10 വർഷം മുൻപ്, 2012 ലാണ് കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്‌നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റത് മുതൽ മന്ത്രിമാർ, എംഎൽഎമാർ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർ കാലടി ശങ്കരാചാര്യ പാലത്തിന്റെ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്‌നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു. ജനങ്ങൾക്ക് ഞങ്ങൾ നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. 10 വർഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണം ഏപ്രിൽ 10 ന് ആരംഭിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

