തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിൽ കോഴിക്കോട് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. പുറത്ത്. ട്രെയിനിലെ ഡി-1 കോച്ചിലെ യാത്രക്കാരിയായ പി. സജിഷയുടെ പരാതിയിലാണ് പ്രതി ഷാരുഖ് സെയ്ഫിക്കെതിരെ പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി. 307, 326 എ, 436, 438, റെയിൽവേ ആക്ടിലെ 151 തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്.
സംഭവ സമയത്ത് ലഭിച്ച വിവരങ്ങൾ മാത്രമാണ് ഈ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മരണങ്ങളെക്കുറിച്ച് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല. എലത്തൂർ സ്റ്റേഷൻ വിട്ടശേഷം കണ്ടാലറിയാവുന്ന പ്രതി ആളിക്കത്താൻ ഇടയുള്ള ഏതോ ദ്രാവകം ഒഴിച്ച് തീയിട്ട് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു കേസ്. നിരവധി യാത്രക്കാർ പരിഭ്രാന്തരായി ഓടിയതിനേത്തുടർന്ന് പരിക്കേറ്റുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

