കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഉടന്‍; നടപടികളാരംഭിച്ച് റെയില്‍വെ

തിരുവനന്തപുരം: കേരളത്തെ വന്ദേഭാരത് ട്രെയിന്‍ റൂട്ടില്‍ ഉള്‍പ്പെടുത്താന്‍ നടപടി തുടങ്ങി റെയില്‍വേ. ആന്ധ്രയില്‍ സിക്കന്ദരാബാദ്, തിരുപ്പതി, കര്‍ണാടകത്തില്‍ ബംഗളൂരു, തമിഴ്‌നാട്ടില്‍ ചെന്നൈ,കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെല്ലാം വന്ദേഭാരതുണ്ട്. പിണറായി വിജയന്‍ കേന്ദ്രത്തിന് നേരിട്ട് പരാതിയും നല്‍കിയ സാഹചര്യത്തിലാണ് കേരളത്തെയും വന്ദേഭാരത് റൂട്ടില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമുണ്ടായത്.

നിലവില്‍ കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കുളള വന്ദേഭാരത് കൊച്ചിയിലേക്ക് നീട്ടുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്. മറ്റൊന്ന് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്കുളള വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടുക. ഇതിനുപുറമെ കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്ക് വേഗത കുറഞ്ഞ സര്‍വ്വീസും പരിഗണിക്കുന്നുണ്ട്. കേരളത്തിലെ ട്രാക്ക്,സിഗ്‌നല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശരാശരി 65കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ സര്‍വ്വീസ് നടത്താനാകുകയുള്ളു. എന്നാല്‍, സര്‍വ്വീസ് ഉടന്‍ തുടങ്ങുകയാണെങ്കില്‍ കോയമ്പത്തൂരില്‍ നിന്ന് സര്‍വ്വീസ് കേരളത്തിലേക്ക് നീട്ടാനാണ് സാദ്ധ്യത.

വന്ദേഭാരത് എക്‌സ്പ്രസുകളുടെ ചെയര്‍കാറുകളുടെയും ട്രെയിനിന്റെയും അറ്റകുറ്റപ്പണികള്‍ക്കായുള്ള രണ്ട് തരം മെയിന്റനന്‍സ് ഡിപ്പോകളാണ് വേണ്ടത്. ഇതുരണ്ടും കേരളത്തിലില്ല. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണതോതില്‍ ഉപയോഗിക്കാത്ത പാലക്കാട്ടെയും കൊല്ലത്തെയും മെമുഷെഡുകള്‍ വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നവീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. നേമം ടെര്‍മിനലിലും കൊച്ചുവേളിയിലും വന്ദേഭാരതിനായി മെയിന്റനന്‍സ് സൗകര്യമൊരുക്കാനും നീക്കങ്ങളില്ല.