ന്യൂഡൽഹി: കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിൽ നിന്നും ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് അദ്ദേഹം രാജിവെച്ചത്.
മാർച്ച് 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ചതായി അദ്ദേഹം കത്തു നൽകിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കിരൺ കുമാർ 2014ലും കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് 2018 ൽ അദ്ദേഹം കോൺഗ്രസിൽ തന്നെ തിരിച്ചെത്തിയിരുന്നു.

