ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ (24) ഏപ്രില്‍ 20വരെ റിമാന്‍ഡ് ചെയ്തു. മുന്‍സിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി പ്രതിയെ കണ്ടിരുന്നു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം ഷാറുഖിനെ ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും.

അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്‍ മുറിയിലാണ് നിലവില്‍ ഷാരുഖ് ഉള്ളത്. ശരീരത്തിലേറ്റ പരുക്കുകള്‍ക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഷാറുഖിന്റെ ശരീരത്തിലെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാഴ്ചശക്തിക്ക് പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കമ്മീഷണര്‍ രാജ്പാല്‍ മീണ, എസിപി കെ.സുദര്‍ശന്‍ എന്നിവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നു.