വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല, ആശയപരമായ വ്യത്യാസം; അച്ഛനോടാണ് ഏറ്റവും സ്‌നേഹവും ബഹുമാനവുമെന്നും അനില്‍ ആന്റണി

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രതികരണവമായി എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഹിന്ദിയിലായിരുന്നു ആദ്യം അദ്ദേഹം പ്രതികരിച്ചത്. പിന്നീട് ഇംഗ്ലീഷിലും തുടര്‍ന്ന് മലയാളത്തിലും അനില്‍ ആന്റണി സംസാരിച്ചു.

അനില്‍ ആന്റണിയുടെ വാക്കുകള്‍

‘അച്ഛനോടാണ് എനിക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവും. വീട്ടില്‍ ഞങ്ങള്‍ നാല് പേരാണ്. അച്ഛന്‍, അമ്മ, സഹോദരന്‍, ഞാന്‍. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരും.
കോണ്‍ഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുകയാണ്. ബിജെപി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാട് മോദിക്ക് ഉണ്ട്. ബിജെപിയുടെ 44ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയില്‍ ചേരാനായി. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് എന്റെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ടി രാജ്യതാത്പര്യങ്ങളേക്കാള്‍ ഉപരി രണ്ട് മൂന്ന് വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് ആണ് പരിഗണന നല്‍കുന്നത്. ബിബിസി വിഷയത്തില്‍ ഞാന്‍ നിലപാടെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് രാജ്യതാല്‍പര്യത്തിന് എതിരാണെന്ന് തോന്നിയത് കൊണ്ടാണ്. ഡോക്യുമെന്ററി സദുദ്ദേശത്തോടെ ഉള്ളതല്ല. രണ്ട് മൂന്ന് മാസം ആലോചിച്ചെടുത്ത തീരുമാനമാണ് ബിജെപിയില്‍ ചേരാമെന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഓരോ പൗരനും വകഭേദമില്ലാതെ സാമ്പത്തികമായും സാമൂഹികമായും മുന്നേറാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആ തീരുമാനങ്ങള്‍ എടുക്കേണ്ടത് ഞാനല്ല. മാതാപിതാക്കള്‍ പഠിപ്പിച്ചത് മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും നല്ല ഇന്ത്യാക്കാരനായി ജീവിക്കാനുമാണ്. ഇന്നത്തെ കാലത്ത് നരേന്ദ്ര മോദിയുടെ കൂടെ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഈ തീരുമാനം.
അച്ഛന്‍ 52 വര്‍ഷം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് വിരമിച്ചു. സജീവ രാഷ്ട്രീയത്തില്‍ അദ്ദേഹമില്ല. വീട്ടില്‍ രാഷ്ട്രീയം അധികം ചര്‍ച്ച ചെയ്യാറില്ല. എകെ ആന്റണിക്ക് ഇന്ത്യയില്‍ എല്ലായിടത്തും ബഹുമാനിക്കപ്പെടുന്ന നേതാവാണ്. അദ്ദേഹത്തിന്റെ ലെഗസിക്ക് തന്റെ തീരുമാനം ദോഷം ചെയ്യില്ല. എന്റെ തീരുമാനം പാര്‍ട്ടിയേക്കാളുപരി രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ്.’