കേരളത്തിലെ കോളേജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഉടനില്ല

തിരുവനന്തപുരം: സിലബസ് പരിഷ്‌കരണം, അദ്ധ്യാപക പരിശീലനം, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ എന്നിവ ജൂലായ് മാസത്തിനകം പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ സംസ്ഥാനത്തെ കോളേജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ വരുന്ന അദ്ധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യ വര്‍ഷം സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ് എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളും പഠിക്കുകയും തുടര്‍ന്ന് ഒരു പ്രധാന വിഷയത്തില്‍ പഠനം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നാലു വര്‍ഷ ബിരുദത്തിന്റെ രീതി. ഈ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദം കൂടാതെ ഗവേഷണം നടത്താമെന്നാണ് യു.ജി.സി ചട്ടം.

എന്നാല്‍, കോളേജുകളില്‍ നാലു വര്‍ഷ കോഴ്‌സുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ക്ലാസ്മുറികള്‍, ലാബ്, ലൈബ്രറി, ഹോസ്റ്റല്‍ അടക്കം സൗകര്യങ്ങളൊരുക്കാന്‍ ആയിരം കോടിയിലേറെ കേരളം മുടക്കേണ്ടി വരും. പുതിയ കോഴ്‌സുകളായതിനാല്‍ സ്‌കീമും സിലബസും അദ്ധ്യാപക യോഗ്യതയും യു.ജി.സി മാനദണ്ഡ പ്രകാരം നിശ്ചയിക്കണം. കണ്ണൂര്‍ വാഴ്‌സിറ്റിയില്‍ ബോര്‍ഡ് ഒഫ് സ്റ്റഡീസില്ല. കേരള, കാലിക്കറ്റ്, എം.ജി വാഴ്‌സിറ്റികളില്‍ ബോര്‍ഡിന്റെ കാലാവധി തീരാറായി. കരട് പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച ശേഷം, സര്‍വകലാശാലകള്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കോഴ്‌സുകള്‍ രൂപകല്പന ചെയ്യാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. രണ്ടു സെമസ്റ്ററുകളിലെ പാഠ്യപദ്ധതി മാത്രം തയ്യാറാക്കി നാലു വര്‍ഷ കോഴ്‌സുകള്‍ തുടങ്ങുന്നതിനോട് അദ്ധ്യാപകര്‍ക്കും എതിര്‍പ്പാണ്.

അതേസമയം, ഡല്‍ഹിയില്‍ ഭൂരിഭാഗം പേരും മൂന്നാം വര്‍ഷം പഠനം നിറുത്തിയതിനെത്തുടര്‍ന്ന് കോഴ്‌സുകള്‍ നിര്‍ത്തി. കര്‍ണാടകയും ഗോവയുമൊഴിച്ചുള്ള സംസ്ഥാനങ്ങളൊന്നും നാലു വര്‍ഷ ബിരുദം നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ ബിരുദ കോഴ്‌സുകളില്‍ ആകെ ക്രെഡിറ്റിന്റെ 32 ശതമാനം ഭാഷാ വിഷയങ്ങളാണ്. ഇത് 9 ശതമാനമാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അങ്ങനെ വരുമ്പോള്‍ വന്‍തോതില്‍ ഭാഷാദ്ധ്യാപകരെ ഒഴിവാക്കേണ്ടി വരും.