കോൺഗ്രസിന് അടുത്ത പതിറ്റാണ്ടുകളിലൊന്നും കേന്ദ്രത്തിൽ ഭരണം ലഭിക്കില്ല; നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയെന്ന് ഗുലാംനബി ആസാദ്

ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഗുലാംനബി ആസാദ്. കോൺഗ്രസിന് അടുത്ത പതിറ്റാണ്ടുകളിലൊന്നും കേന്ദ്രത്തിൽ ഭരണം ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെ രാഹുൽ ഗാന്ധി ബിജെപി ഏജന്റ് എന്ന് വിളിച്ചു. മാറ്റങ്ങൾ കൊണ്ടുവന്ന് പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു തന്റെ ശ്രമം. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ ആത്മകഥയായ ആസാദ് എന്ന പുസ്തകം പ്രകാശനം ചെയ്ത സാഹചര്യത്തിൽ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ താൻ കേന്ദ്ര സർക്കാരിനെതിരെ 70 പ്രസംഗം നടത്തി. എന്നാൽ ഇവയെല്ലാം അവഗണിച്ചു കൊണ്ട് മോദി തന്നോട് അനുഭാവത്തോടെ പെരുമാറി. പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളിലൊന്നും താൻ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും ഗുലാംനബി ആസാദ് അഭിപ്രായപ്പെട്ടു.