ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കന്നഡ സിനിമാതാരം കിച്ച സുദീപിന് വധഭീഷണിക്കത്ത്‌

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സിനിമാതാരം കിച്ച സുദീപിന് വധഭീഷണിക്കത്ത്. നടന്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഭീഷണിക്കത്ത്. സംഭവത്തില്‍ പുട്ടനെഹള്ളി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

അതേസമയം, കിച്ച സുദീപിനൊപ്പം കന്നഡ സിനിമയിലെ മറ്റൊരു താരമായ ദര്‍ശന്‍ തുഗുദീപയും പാര്‍ട്ടിയിലേക്ക് എത്തുകയാണെന്നും ഇരുവരും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡി കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കിച്ച സുദീപും ശിവകുമാറുമായി അടുത്ത വൃത്തങ്ങളും പിന്നാലെ സ്ഥിരീകരിച്ചിരുന്നു.

മെയ് 10 നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണല്‍. കോണ്‍?ഗ്രസും ജെഡിഎസും സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 8 ന് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.