എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതിയില്‍ നിന്ന് മുഗള്‍ സാമ്രാജ്യം പുറത്ത്‌

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പരിഷ്‌കരിച്ച എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതിയില്‍ 12-ാം ക്ലാസ് ഹിസ്റ്ററി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കി. തീംസ് ഓഫ് ഇന്ത്യ ഹിസ്റ്ററി പാര്‍ട്ട്-2 പുസ്തകത്തിലെ ‘കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്: ദി മുഗള്‍ കോര്‍ട്ട്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്. ഓരോ വര്‍ഷവും പാഠ്യപദ്ധതി പരിഷ്‌കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പല ഭാഗങ്ങളും ഒഴിവാക്കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം

അതേസമയം, ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് ഏതാനും കവിതകളും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സിവിക്‌സ് പുസ്തകവും പരിഷ്‌കരിച്ചു. ‘അമേരിക്കന്‍ ഹെഗെമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്‌സ്’, ‘ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്നീ അധ്യായങ്ങളാണു സിവിക്‌സിലെ ‘ഇന്ത്യന്‍ പൊളിറ്റിക്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

10-ാം ക്ലാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്-2’ പുസ്തകത്തിലെ ‘ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി’, ‘പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങളും ഇതോടൊപ്പം ത്‌ന്നെ ഒഴിവാക്കി. 11-ാം ക്ലാസിലെ ‘തീംസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ പുസ്തകത്തിലെ ‘സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്’, ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്’, ‘ഇന്‍ഡസ്ട്രിയല്‍ റവലൂഷന്‍’ തുടങ്ങിയ ഭാഗങ്ങളാണ് നീക്കിയത്.