എല്ലുകൾക്ക് മുതൽ ഹൃദയം, ചർമ്മം, ശ്വാസകോശം തുടങ്ങിയവയുടെ എല്ലാം ആരോഗ്യത്തിന് വളെ നല്ല ഒരു ഫലവർഗമാണ് സപ്പോട്ട. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. ശരീരത്തിലെ ജലാംശം കുറയുമ്പോൾ സപ്പോട്ട കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
സപ്പോട്ട കഴിക്കുന്നതിലൂടെ പലരോഗങ്ങളിൽ നിന്നും രക്ഷനേടാമെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച ഫലവർഗമാണിത്. സപ്പോട്ടയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സപ്പോട്ട കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. സപ്പോട്ട വൃക്ക സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഇത് സഹായിക്കും. കിഡ്നി സ്റ്റോൺ ഉള്ളവർ സപ്പോട്ട കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്.
ഡയറ്ററി ഫൈബറിന്റെ അളവ് സപ്പോട്ടയിൽ കൂടുതലാണ്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കിൽ സപ്പോട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്ളേവനോയിഡുകളും സപ്പോട്ടയിൽ അടങ്ങിയിട്ടുണ്ട്.

