ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; പ്രതിയുടെ രേഖാചിത്രം വരയ്ക്കാൻ പോലീസ്

ആലപ്പുഴ: ഓടുന്ന ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി അക്രമി. ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. കോഴിക്കോട് എലത്തൂർ പാലത്തിൽ വെച്ചാണ് തീകൊളുത്തിയത്. D1 കമ്പാർട്ട്‌മെന്റിലാണ് തീ പടർന്നത്.

സംഭവത്തിൽ എട്ട് പേർക്ക് പൊള്ളലേറ്റു. 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മൂന്നുപേർ ചികിത്സയിൽ കഴിയുന്നത്. ഡി2 കോച്ചിൽ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായാണ് അക്രമിയെത്തിയത്. തിരക്ക് കുറവായിരുന്നതിനാൽ കോച്ചിൽ പല സീറ്റുകളിലായാണ് യാത്രക്കാർ ഉണ്ടായിരുന്നത്. എല്ലാവരുടെയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ചു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ തീയിടുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.

സംഭവം ആസുത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അല്ലെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. സംഭവത്തിൽ പ്രതിയുടെ രേഖചിത്രം പോലീസ് വരയ്ക്കുന്നുണ്ട്. ട്രെയിനിൽ യാത്ര ചെയ്ത റാസികിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കുന്നത്.