സ്വയം പ്രതിരോധ പരിശീലന പാഠ്യ പദ്ധതി; പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ യോഗി സർക്കാർ

ലക്നൗ: പെൺകുട്ടികൾക്കായി പുതിയ പാഠ്യപദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. സ്വയം പ്രതിരോധ പരിശീലന പാഠ്യ പദ്ധതിയുടെ കീഴിൽ സ്‌കൂൾ പെൺകുട്ടികൾക്ക് പരിശീലനം നൽകാനാണ് സർക്കാരിന്റെ തീരുമാനം. സ്വാതന്ത്ര്യ സമര സേനാനി റാണി ലക്ഷ്മിഭായിയുടെ പേരിലുള്ള പദ്ധതിയ്ക്ക് കീഴിലാണ് പരിശീലനം നൽകുന്നത്.

പെൺകുട്ടികളെ സ്വയം പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ 45,000 സ്‌കൂളുകളിലായി 11-നും 14-നും ഇടയിൽ പ്രായമുള്ള രണ്ട് ലക്ഷം പെൺകുട്ടികൾക്കെങ്കിലും പരിശീലനം നൽകാൻ സർക്കാർ പദ്ധതിയിടുന്നു.

ആറ് ദിവസമാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി നടക്കുക. കൂടുതൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുകയും പദ്ധതിയുടെ ഭാഗമായി സൈബർ ഭീഷണി, ആസിഡ് ആക്രമണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുമെന്നും അധികൃതർ അറിയിച്ചു. യോഗയും പരിശീലനത്തിന്റെ ഭാഗമായി കുട്ടികളെ പഠിപ്പിക്കും.

സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിക്കൂറെങ്കിലും കുട്ടികൾക്ക് പരിശീലനം നൽകും. ഇതിനായി ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർമാരെ നിയോഗിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.