തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണങ്ങൾ നിഷേധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആയുർവേദ -ഹോമിയോ വകുപ്പുകളിൽ കൂട്ട പിൻവാതിൽ നിയമനമെന്ന പി കെ ഫിറോസിന്റെ ആരോപണങ്ങൾ നിഷേധിച്ചാണ് മന്ത്രി രംഗത്തെത്തിയത്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി ഫിസോറിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രി അറിയിച്ചു.
നാഷണൽ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നത്. പിഎസ്സി വഴിയാണ് ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥിരം തസ്തികകളിൽ നിയമനം നടത്തുന്നത്. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ചില തസ്തികളിൽ നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളിൽ ഒഴിവ് വരുമ്പോൾ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിൽ അത്തരം തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ആളുകളെ നിയമിക്കാറുമുണ്ട്. ഇതിന് സർക്കാരിന്റെ കൃത്യമായ മാർഗ നിർദ്ദേശം പാലിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പത്ര പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20 ൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മാനദണ്ഡമനുസരിച്ച് പരീക്ഷ നിർബന്ധമാണ്. ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ്മിഷൻ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിയമിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിയമിക്കപ്പെട്ട അവരുടെ കരാർ പുതുക്കി നൽകുന്നത് നാഷണൽ ആയുഷ്മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
ഗുരുതര ആരോപണങ്ങളാണ് പി കെ ഫിറോസ് ഉന്നയിച്ചത്. സിപിഎമ്മുമായി അടുത്ത ബന്ധമുളള ആളുകളെയാണ് തിരുകിക്കയറ്റിയതെന്നും 900 ഓളം പേരെ ഈ രീതിയിൽ നിയമിച്ചെന്നുമായിരുന്നു പി കെ ഫിറോസിന്റെ ആരോപണം.

