പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണം; നേതൃസ്ഥാനത്ത് താനായിരുന്നെങ്കിൽ പ്രദേശിക പാർട്ടിയെ പരിഗണിച്ചേനെയെന്ന് ശശി തരൂർ

ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. നേതൃസ്ഥാനത്ത് താനായിരുന്നെങ്കിൽ പ്രദേശിക പാർട്ടിയെ പരിഗണിച്ചേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഐക്യമാണ് പ്രധാനം. പ്രാദേശിക ഭേദമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തെത്താൻ കോൺഗ്രസ് താൽപര്യപ്പെടുന്നതിനിടെയാണ് ശശി തരൂർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഇത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുമായി ശശി തരൂരിന് അടുപ്പമുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ ഒറ്റപ്പെടുത്താൻ നേതൃത്വം ശ്രമിച്ചപ്പോൾ സഹകരണത്തിനുള്ള സന്നദ്ധത തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നുവെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.