പഠാനിലെ ബേഷരംഗ് എന്ന ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ കാവി ബിക്കിനിയെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. ഗാനം ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. ഇപ്പോഴിതാ ദീപികയുടെ വിവാദ കാവി വസ്ത്രത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പഠാന്റെ സംവിധായകന് സിദ്ധാര്‍ത്ഥ് ആനന്ദ്.
മറ്റൊന്നും മനസില്‍ ചിന്തിക്കാതെ പെട്ടെന്ന് തിരഞ്ഞെടുത്ത നിറമായിരുന്നു അതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. നിറത്തിന്റെ ഭംഗി മാത്രമായിരുന്നു നോക്കിയത്. നല്ല പച്ചപ്പും തെളിഞ്ഞ ആകാശവുമാണ് ആ ഗാനരംഗത്തില്‍ ഉണ്ടായിരുന്നത്. ഇതിനോട് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം നന്നായി ഇണങ്ങുമെന്ന് തോന്നി. ഇതല്ലാതെ കാവി നിറം തിരഞ്ഞെടുക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നും സംവിധായകന് പറഞ്ഞു.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ 1000 കോടിയിലേറെ നേടിയെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. രാജമൗലി ചിത്രം ബാഹുബലി (127 കോടി), കെ ജി എഫ് 2 (140 കോടി) എന്നിവയുടെ വാരാന്ത്യ റെക്കോഡുകള്‍ പഠാന് മറികടന്നു.

