ശാസ്ത്രബോധമുള്ള പുരോഗമനവാദി; സവർക്കറെ വിശേഷിപ്പിച്ച് ശരദ് പവാർ

മുംബൈ: ശാസ്ത്രബോധമുള്ള പുരോഗമനവാദിയെന്ന് സവർക്കറെ വിശേഷിപ്പിച്ച് എൻസിപി നേതാവ് ശരദ് പവാർ. രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമാകുന്നത് മറ്റ് ഗുരുതര വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നടത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സവർക്കർ ഇന്നത്തെ ദേശീയ പ്രശ്നമല്ല. നിലവിൽ രാജ്യം നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. എല്ലാവരുടേയും ശ്രദ്ധ വേണ്ടത് അവിടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി രാഹുലിന്റെ പരാമർശം വലിയ പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരേണ്ടതില്ല. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇത്തരം പ്രസ്താവനകൾ ഉണ്ടായിരുന്നുവെന്നും അതിനെ ക്രിയാത്മകമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.