കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. മെയ് പകുതിയോടെയായിരിക്കും ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുകയെന്നാണ് പുറത്തു വരുന്ന വിവരം. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. രണ്ട് പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അധികം വൈകാതെ സ്വീകരിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.

എട്ട് കോച്ചുള്ള വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണ് നിലവിൽ സാധ്യതയുള്ളത്.

എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വന്ദേഭാരത് ട്രെയിനിന് അനുവദനീയമായിട്ടുള്ള വേഗം. മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് വേഗം കൈവരിക്കാൻ വന്ദേഭാരതിന് കഴിയുമെന്നതിനാൽ ശരാശരി വേഗം 65 ന് മുകളിൽ നിലനിർത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ് അനുവദിക്കുന്നത്.

കേരളത്തിന് വന്ദേഭാരത് അനുവദിക്കുന്നത് പരിഗണിക്കുന്നില്ലെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.