തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ 2023-24 വർഷത്തെ ലീവ് സറണ്ടർ നീട്ടി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടി. ലീവ് സറണ്ടർ അപേക്ഷകൾ ജൂൺ 30 വരെ നൽകാനാകില്ലെന്നാണ് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ സാമ്പത്തിക വർഷത്തിൽ ലീവ് സറണ്ടർ അപേക്ഷ ഉടൻ സമർപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
മാർച്ച് 31 നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണയായി സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ബാക്കിയുള്ള ലീവ് സറണ്ടർ ചെയ്ത് പണം വാങ്ങാമായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സർക്കാരിന്റെ പുതിയ നടപടി. ലീവ് സറണ്ടർ വഴി സർക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം ചില വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, മുനിസിപ്പൽ കണ്ടിജന്റ് എംപ്ലോയീസ്, പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റൻഡേഴ്സ്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫിലുള്ള പാചകക്കാർ തുടങ്ങിയവരെയാണ് നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയത്.

