തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനിടെ കെ. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് തെറ്റെന്ന വിമര്‍ശനവുമായി ശശി തരൂര്‍ എംപി രംഗത്ത്.
‘എല്ലാ മുന്‍ കെപിസിസി അധ്യക്ഷന്മാരേയും ഒരേ പോലെ കാണണമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് തെറ്റ് സംഭവിച്ചു. സീനിയര്‍ നേതാവിനെ അപമാനിച്ചത് ശരിയായില്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാവണം’- തരൂര്‍ പറഞ്ഞു.
അതേസമയം, വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ എല്ലാവര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കിയെന്നും തനിക്ക് മാത്രം നല്‍കിയില്ലെന്നും മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാന്‍ അവസരം കൊടുത്തു, എനിക്ക് മാത്രം നല്‍കിയില്ല. അത് അവഗണനയാണ്, കാരണം അറിയില്ല. വീക്ഷണം സപ്ലിമെന്റിലും എന്റെ പേരില്ല. ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. സ്വരം നന്നാകുമ്‌ബോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയാറാണ്. പാര്‍ട്ടിയാണ് ഈ സ്ഥാനങ്ങളിലൊക്കെ എന്നെ എത്തിച്ചത്. ആ പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതി എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് കെ.സി വേണുഗോപാലിനോടും കെ. സുധാകരനോടും പറഞ്ഞിട്ടുണ്ട്’- അദ്ദേഹം വ്യക്തമാക്കിയിരുന്നു.

