മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു; കെ സുരേന്ദ്രനെതിരെ പരിഹാസവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേരള സർക്കാർ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയപാത അതോറിറ്റിക്കൊപ്പം ‘ചട്ടിത്തൊപ്പി’യും ധരിച്ചുകൊണ്ട് കേരള സർക്കാർ സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്ന ‘സർട്ടിഫിക്കറ്റ്’ കൂടി അദ്ദേഹം നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുന്നു. ഏമാൻ കനിയുമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അങ്ങനെ, സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേരള സർക്കാർ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണ്.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു.

ദേശീയപാത അതോറിറ്റിക്കൊപ്പം ‘ചട്ടിത്തൊപ്പി’യും ധരിച്ചുകൊണ്ട് കേരള സർക്കാർ സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്ന ‘സർട്ടിഫിക്കറ്റ്’ കൂടി അദ്ദേഹം നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുന്നു.

ഏമാൻ കനിയുമല്ലോ?