തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്ക്കാലിക വി സി സിസാ തോമസിന് കുറ്റാരോപണ പത്രിക നൽകി സംസ്ഥാന സർക്കാർ. അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തതിനാൽ സിസാ തോമസ് വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകളിൽ വീഴ്ചയുണ്ടായെന്നും ഇത് അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടാക്കിയെന്നുമാണ് കുറ്റാരോപണ പത്രികയിൽ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ സിസാ തോമസിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ കുറ്റാരോപണ പത്രികയും നൽകിയിരിക്കുന്നത്. അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിനാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ ദിവസം സിസ തോമസിന് ഹിയറിംഗിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല. വിരമിക്കൽ സംബന്ധമായ തിരക്കുകളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നുമായിരുന്നു സിസാ തോമസ് നൽകിയിരുന്ന നിർദ്ദേശം.

